തിരുവനന്തപുരം: പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന്റെയും സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ റദ്ദാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
കഴിഞ്ഞ ദിവസം ഇരുവരുടെയും സസ്പെൻഷൻ റദ്ദാക്കിയുള്ള ഫയലിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഒപ്പിട്ടിരുന്നു. എന്നാൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ഉത്തരവ് ഇറക്കിയിരുന്നില്ല. ഇന്നലെ ഉച്ചയോടെയാണ് ഇരുവരുടെയും സസ്പെൻഷൻ റദ്ദാക്കിയുള്ള ഉത്തരവ് ശനിയാഴ്ചയിലെ തീയതി വച്ച് ചീഫ് സെക്രട്ടറി പുറത്തിറക്കിയത്.
ചീഫ് സെക്രട്ടറി ജയതിലകിന്റെ നടപടികളെ വിമർശിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ കഴിഞ്ഞ ഒന്നര വർഷം മുൻപ് സസ്പെൻഡ് ചെയ്തത്. തുടർന്ന് ഒൻപതു തവണ തുടർച്ചയായി സസ്പെൻഡ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിനുതൊട്ടു മുൻപു സർക്കാരിനെ വിമർശിച്ചതിന്റെ പേരിലാണ് ഡോ. ബി. അശോകിനെ സസ്പെൻഡ് ചെയ്തത്.
ഇരുവരും ഇന്നു റിപ്പോർട്ട് ചെയ്യുന്നതിനു പിന്നാലെ ഇവർക്കു നിയമനം നൽകും. ഇതിനൊപ്പം ഐഎഎസ് തലത്തിൽ സമഗ്ര അഴിച്ചുപണിയും വരും.
ഇരുവർക്കും സുപ്രധാന ചുമതലകളാകും നൽകുകയെന്നാണു വിവരം. വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം ഏതാനും ജില്ലാ കളക്ടർമാരെ മാത്രമേ മാറ്റിയിരുന്നുള്ളൂ.